Hero Image

ആകാശത്ത് വർണ്ണ വിസ്മയം തീർക്കാൻ ഒരുങ്ങി പൂരനഗരി; തൃശ്ശൂർ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന്

ആകാശത്ത് വർണ്ണ വിസ്മയം തീർത്ത് തൃശ്ശൂർ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന് നടക്കും ഇന്ന് രാത്രി 7.30ന് നടക്കുന്ന സാമ്പിൾ വെടിക്കെട്ടിന് തിരുവമ്പാടി വിഭാഗം ആദ്യ തിരി കൊളുത്തുകയും പിന്നീട് പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടും നടക്കുകയും ചെയ്യും.

വെടിക്കെട്ടിന് മുന്നോടിയായി പാറമേക്കാവ് തിരുവമ്പാടി വിഭാഗത്തിന്റെ വെടികോപ്പുകളെല്ലാം തേക്കിൻകാട് മൈതാനിയിൽ സജ്ജമാക്കിയിട്ടുണ്ട്.

ചരിത്രത്തിൽ ആദ്യമായി തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ വെടിക്കെട്ടിന് ഒരാളാണ് നേതൃത്വം നൽകുന്നത് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.

കഴിഞ്ഞ തവണ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ചുമതല വഹിച്ച മുണ്ടത്തിക്കോട് സ്വദേശി പി എം സതീശനാണ് ഇത്തവണ ഇരു വിഭാഗങ്ങളുടെയും വെടിക്കെട്ട് ചുമതല നിർവഹിക്കുന്നത്. ഇത്തവണ വെടിക്കെട്ട് കാണാൻ അനുമതിയുള്ളത് സ്വരാജ് റൗണ്ടിന്റെ വിവിധ ഭാഗങ്ങളിൽ പെസോയും പോലീസും അനുവദിച്ച സ്ഥലങ്ങളിൽ നിന്ന് മാത്രമാണ്.

പ്രധാന വെടിക്കെട്ടിന്റെ അതേ മാതൃകയിൽ ഒരുക്കിയിരിക്കുന്ന സാമ്പിൾ വെടിക്കെട്ടിന് പഴയ നിലയമിട്ടുകൾ, ബഹു വർണ്ണ അമിട്ടുകൾ, ഗുണ്ട്, കുഴിമിന്നി, ഓലപ്പടക്കം തുടങ്ങിയവയെല്ലാം ഉണ്ടായിരിക്കും. ഏപ്രിൽ 19 ന് പൂരം സമാപിച്ചു ഏപ്രിൽ 20ന് പുലർച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട് നടക്കുന്നത്. ഇതുകൂടാതെ പകൽ പൂരത്തിന് ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷവും വെടിക്കെട്ട് നടക്കും.

READ ON APP